top of page

ജ്യോതിശാസ്ത്രത്തിലെ പുതിയ വർഷം....

  • Writer: Ejas
    Ejas
  • Jan 13, 2021
  • 3 min read


മനുഷ്യവംശത്തിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവും അധികം പ്രതിസന്ധി നേരിട്ട ഒരു വര്‍ഷമാണ്‌ കടന്നുപോയത്. ചൈനയിലെ ഹുബൈ പ്രവശ്യയിലുള്ള വുഹാനിലെ ഒരു മാര്‍ക്കറ്റില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിക്കുകയും ഇതുമൂലം ഭൂരിഭാഗം മേഖലകളും സ്തംഭിക്കുകയും ചെയ്തു. വൈറസിന്‍റെ വ്യാപനം കുറയ്ക്കാനായി പല രാജ്യങ്ങളും സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ഇത് മനുഷ്യചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത സാഹചര്യമായിരുന്നു.

ജ്യോതിശാസ്ത്ര രംഗത്തും ഈ പ്രതിസന്ധി പ്രകടമായിരുന്നു. ISRO അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ പല വിക്ഷേപണങ്ങളും മാറ്റിവെച്ചു. എന്നാല്‍ പുതിയ വര്‍ഷത്തെ ജ്യോതിശാസ്ത്രം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. പല രാജ്യങ്ങളുടെയും പ്രധാനപ്പെട്ട ദൗത്യങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കും. കൂടാതെ പ്രധാനപ്പെട്ട മറ്റുപല വാര്‍ത്തകളും ഈ വര്‍ഷം ജ്യോതിശാസ്ത്ര മേഖലയില്‍ നിന്നും പ്രതീക്ഷിക്കാം.


ചൊവ്വാ ദൗത്യങ്ങള്‍


2020ല്‍ വിക്ഷേപിക്കപ്പെട്ട മൂന്ന് ചൊവ്വാദൗത്യ പേടകങ്ങള്‍ 2021 ഫെബ്രുവരിയില്‍ ലക്ഷ്യത്തിലെത്തും.


പെര്‍സെവറന്‍സ് റോവര്‍

ഫെബ്രുവരി 18ന് നാസയുടെ പെര്‍സെവറന്‍സ് റോവര്‍ ചൊവ്വയിലിറങ്ങും. ചുവന്ന ഗ്രഹത്തെപ്പറ്റി ഒട്ടേറെ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് കൈമാറിയ ക്യൂരിയോസിറ്റിയുടെ പിന്‍ഗാമിയുടെ ലക്ഷ്യം ചൊവ്വയുടെ ഭൂതകാലത്തിലെ ജീവസാന്നിധ്യത്തെപ്പറ്റിയുള്ള വിശദമായ പഠനമാണ്. പെര്‍സെവറന്‍സിന് കൂട്ടായി ഒരു ക്വാഡ്കോപ്ടറും ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. ഇതിന് ശേഷം ചൈനയുടെ ടിയാന്‍വെന്‍-1 റോവറും ചൊവ്വയിലിറങ്ങും. ജീവസാനിധ്യം കൂടാതെ ചൊവ്വയുടെ അന്തരീക്ഷത്തെപ്പറ്റിയുള്ള വിശദമായ പഠനങ്ങള്‍ ടിയാന്‍വെന്‍ നടത്തും. യു‌എ‌ഇയുടെ ആദ്യ ചൊവ്വാദൗത്യം ഹോപ്പും ഫെബ്രുവരിയില്‍ ചൊവ്വക്കരികിലെത്തും. ചൊവ്വയെ വലം വെച്ച് അന്തരീക്ഷത്തെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയും പഠിക്കുകയാണ് ഹോപ്പിന്‍റെ ലക്ഷ്യം.


ജയിംസ് വെബ്ബ് ടെലിസ്കോപ്പ്


ജയിംസ് വെബ്ബ് ടെലിസ്കോപ്പിന്‍റെ പ്രധാനഭാഗമായ മിറര്‍

ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ദൂരദര്‍ശിനിയാണ് ജയിംസ് വെബ്ബ് ടെലിസ്കോപ്പ്. നാസയും കനേഡിയന്‍, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സികളും, സ്പേസ് ടെലിസ്കോപ്പ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഏറെ മാറ്റിവെക്കലുകള്‍ക്കും അനിശ്ചിതത്ത്വങ്ങള്‍ക്കുമൊടുവില്‍ 2021 ഒക്ടോബര്‍ 31ന് ഏരിയന്‍-5 റോക്കറ്റില്‍ ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്‍റെ പിന്മുറക്കാരന്‍ ബഹിരാകാശത്തെത്തും. ഭൂമിയില്‍ നിന്നും ഏകദേശം 1.5 മില്യണ്‍ കിലോമീറ്ററുകള്‍ക്കപ്പുറമായിരിക്കും ഈ ടെലിസ്കോപ്പിന്‍റെ സ്ഥാനം. തന്‍റെ മുന്‍ഗാമികളേക്കാള്‍ ഏറെ സാങ്കേതിക മികവുള്ള ജയിംസ് വെബ്ബ് ടെലിസ്കോപ്പ് മനുഷ്യന്‍ ഇതുവരെ കാണാത്ത പ്രപഞ്ച വിസ്മയങ്ങളെ വെളിപ്പെടുത്തും എന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ.


സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങള്‍


സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം തലമുറയായ എസ്എന്‍8

ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് ഏറെ പരീക്ഷണങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഒരു റോക്കറ്റ് ശ്രേണിയാണ് സ്റ്റാര്‍ഷിപ്പ്. പുനരുപയോഗിക്കാന്‍ കഴിയുന്ന ഈ റോക്കറ്റ് മനുഷ്യനെ ചൊവ്വയിലിറക്കുന്ന ആദ്യ പദ്ധതിയില്‍ പ്രധാന പങ്ക് വഹിക്കും. ഏറ്റവും ഒടുവില്‍ നടന്ന സ്റ്റാര്‍ഷിപ്പ് പരീക്ഷണം പരാജയമായിരുന്നു. സ്റ്റാര്‍ഷിപ്പ് നിരയിലെ എസ്എന്‍8 റോക്കറ്റ് തിരിച്ചിറങ്ങുന്നതിനിടെ പൊട്ടിത്തകരുകയായിരുന്നു. എന്നാല്‍ ഏറെ പരാജയങ്ങള്‍ അതിജീവിച്ച് ഉയരങ്ങളിലെത്തിയ സ്പേസ് എക്സ് ഈ വര്‍ഷം തന്നെ സ്റ്റാര്‍ഷിപ്പിന്‍റെ അടുത്ത മാതൃകയായ എസ്എന്‍9 പുറത്തിറക്കും എന്നാണ് പുറത്തുവരുന്ന വിവരം.


ബോയിങ്ങിന്‍റെ ബഹിരാകാശപദ്ധതി


ബോയിങ്ങിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകം

2020ലാണ് സ്വകാര്യ ബഹിരാകാശപദ്ധതിയിലൂടെ മനുഷ്യന്‍ ആദ്യമായി ബഹിരാകാശത്തെത്തുന്നത്. സ്പേസ് എക്സിന്‍റെ ക്രൂ ഡ്രാഗന്‍ പേടകം മനുഷ്യരെയും വഹിച്ച് രണ്ട് തവണ ഭൂമിയുടെ അന്തരീക്ഷം ഭേദിച്ചത് ബഹിരാകാശപദ്ധതികളുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. സ്പേസ് എക്സിന്‍റെ നിരയിലേക്കെത്താന്‍ വിമാന നിര്‍മ്മാണ ഭീമന്‍മാരായ ബോയിങ്ങും വലിയ പരിശ്രമത്തിലാണ്. ഏകദേശം പത്ത് വര്‍ഷങ്ങളുടെ പരിശ്രമത്തിനൊടുവില്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാന്‍ കഴിയുന്ന സ്റ്റാര്‍ലൈനര്‍ എന്ന പേടകം ബോയിങ്ങ് അവതരിപ്പിച്ചു. വ്യത്യസ്ഥ പരീക്ഷണങ്ങള്‍ക്കൊടുവില്‍ സ്റ്റാര്‍ലൈനര്‍ ഈ വര്‍ഷം തന്നെ മനുഷ്യരെ ബഹിരാകാശത്തെത്തിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഒസിരിസ് റെക്സ് – ബെന്നു വേര്‍പിരിയല്‍


ബെന്നുവില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുമ്പോള്‍ ഒസിരിസ് എടുത്ത ചിത്രം

2175 നും 2199 നും ഇടയില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 2700ല്‍ ഒന്ന് എന്ന നിലയില്‍ സാധ്യതയുള്ള ബെന്നു എന്ന ഛിന്നഗ്രഹത്തിലേക്ക് ഒസിരിസ് റെക്സ് യാത്രയായത് 2016 സെപ്റ്റംബര്‍ എട്ടിനാണ്. 2018 ഡിസംബര്‍ 3ന് ബെന്നുവിനോടൊപ്പം സഞ്ചരിച്ചുതുടങ്ങിയ ഒസിരിസ് റെക്സ് തന്‍റെ യന്ത്രകൈ ഉപയോഗിച്ച് കഴിഞ്ഞ ഒക്ടോബര്‍ 28ന് ബെന്നുവില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു ഭൂമിയിലേക്കുള്ള യാത്രക്ക് ഒരുങ്ങിക്കഴിഞ്ഞു. ഈ വര്‍ഷം തന്നെ ഒസിരിസ് ബെന്നുവിനോട് വിടപറയും. 2023ല്‍ ഒസിരിസ് ഭൂമിയില്‍ തിരിച്ചിറങ്ങും.


അപ്പോഫിസിന്‍റെ വരവ്


അപ്പോഫിസിന്‍റെ റഡാര്‍ ദൃശ്യങ്ങള്‍

ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ബഹിരാകാശ വസ്തുക്കളെ ലോകത്തിലെ വ്യത്യസ്ഥ ബഹിരാകാശ ഏജന്‍സികള്‍ ടെലിസ്കോപ്പുകളും ബഹിരാകാശ പേടകങ്ങളും ഉപയോഗിച്ച് തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. ഇങ്ങനെ നിരീക്ഷിക്കപ്പെടുന്ന വസ്തുക്കളില്‍ ശാസ്ത്രലോകത്തിന് ഏറെ ഭീതിയുണര്‍ത്തിയ ഒരു ഛിന്നഗ്രഹമാണ് അപ്പോഫിസ്. 2004ല്‍ അപ്പോഫിസിനെ കണ്ടെത്തുമ്പോള്‍ 2029 ഏപ്രില്‍ 13ന് ഭൂമിയുമായോ ചന്ദ്രനുമായോ കൂട്ടിയിടിക്കാന്‍ 2.7% സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തിയത്. എന്നാല്‍ ഏറെ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ 2029 ലെ കൂട്ടിയിടിക്കുള്ള സാധ്യത നാസ തള്ളിക്കളയുകയാണുണ്ടായത്.

2021ല്‍ മാര്‍ച്ചില്‍ അപ്പോഫിസ് ഭൂമിയില്‍ നിന്ന് 17 മില്യണ്‍ കിലോമീറ്റര്‍ അകലെക്കൂടി കടന്നുപോകും. 375 മീറ്റര്‍ വ്യാസമുള്ള ഈ ഛിന്നഗ്രഹത്തിനെ വിശദമായി നിരീക്ഷിക്കാനും പഠിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിത്. കൂട്ടിയിടിക്കുള്ള സാധ്യതകള്‍ തള്ളിക്കളയപ്പെട്ടെങ്കിലും 2029ല്‍ ഭൂമിയില്‍ നിന്നും 31000 കിലോമീറ്റര്‍ മാത്രം അകലെയായിരിക്കും അപ്പോഫിസിന്‍റെ സഞ്ചാരപഥം. ഭൂമിയോട് ഇത്ര അടുത്ത് വരുന്നത്കൊണ്ട് തന്നെ ഭൂഗുരുത്വത്തിന്‍റെ ഫലമായി ഉണ്ടാകാനിടയുള്ള ഭ്രമണവ്യതിയാനങ്ങള്‍ ഭൂമിക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. അതുകൊണ്ട്തന്നെ ഭ്രാന്തമായ ഭ്രമണസ്വഭാവം കാണിക്കുന്ന അപ്പോഫിസിനെ നിരീക്ഷിക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണ്ണാവസരത്തെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.


ഡാര്‍ട്ടും ടിയാന്‍ഗോങ്ങും മറ്റ് വാര്‍ത്തകളും


ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെയും ഉല്‍ക്കകളെയും ഒരു കൂട്ടിയിടി സൃഷ്ടിച്ചുകൊണ്ട് വഴിതിരിച്ചുവിട്ട് ഭൂമിയെ സുരക്ഷിതമാക്കാന്‍ നാസ ആവിഷ്കരിച്ച ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ഷന്‍ ടെസ്റ്റിന്‍റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ ഈ വര്‍ഷം ആരംഭിക്കും. ഈ ശ്രേണിയിലെ ആദ്യ പേടകം സ്പേസ് എക്സിന്‍റെ ഫാല്‍കണ്‍9 റോക്കറ്റില്‍ 2021 ജൂലൈ 22ന് വിക്ഷേപിക്കും.


ഒക്ടോബര്‍ 16ന് മൂന്നാഴ്ച ദൈര്‍ഖ്യമുള്ള വിക്ഷേപണ ജാലകത്തിന് തുടക്കമാവുമ്പോഴാണ് നാസ ലൂസി എന്ന പര്യവേഷണ പേടകം വിക്ഷേപിക്കാന്‍ പദ്ധതിയിടുന്നത്. വ്യാഴത്തെ ഭ്രമണം ചെയ്യുന്ന ട്രോജന്‍ ഛിന്നഗ്രഹങ്ങളില്‍ ഏഴെണ്ണത്തിനെ പറ്റി വിശദമായി പഠിക്കുകയാണ് ലൂസിയുടെ ലക്ഷ്യം. ശാസ്ത്രലോകത്തിന് അത്ര പരിചതമല്ലാത്ത ട്രോജന്‍ ഛിന്നഗ്രഹങ്ങളെ പറ്റി വിലപ്പെട്ട വിവരങ്ങള്‍ ഈ പദ്ധതിയിലൂടെ കണ്ടെത്താന്‍ കഴിയും എന്നാണ് നാസയുടെ പ്രതീക്ഷ.



വാതക ഭീമന്‍റെ സൗന്ദര്യം... ജൂണോ അയച്ച ചിത്രങ്ങളിലൊന്ന്

വ്യാഴത്തെക്കുറിച്ചുള്ള വിശദ പഠനങ്ങള്‍ക്കായി നാസ വിക്ഷേപിച്ച ജൂണോയുടെ ഔദ്യോഗിക കാലാവധി ജൂലൈയില്‍ അവസാനിക്കും. വ്യാഴത്തിന്‍റെ ഏറെ മികവാര്‍ന്ന ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രലോകത്തിന് നല്‍കിയ ജൂണോയ്ക്കു വ്യാഴത്തിന്‍റെ ചന്ദ്രന്മാരെ നിരീക്ഷിക്കാനുള്ള പുതിയ ദൗത്യം നാല്‍കാനാണ് നാസ ആലോചിക്കുന്നത്.

ടിയാന്‍ഗോങ്ങ്1

സ്വര്‍ഗ്ഗീയ കൊട്ടാരം എന്ന് അര്‍ത്ഥം വരുന്ന ടിയാന്‍ഗോങ്ങ് എന്ന പേരിലാണ് ചൈന തങ്ങളുടെ ബഹിരാകാശ നിലയങ്ങളെ വിക്ഷേപിക്കുന്നത്. ഇതുവരെ ചൈന രണ്ട് ബഹിരാകാശ നിലയങ്ങളാണ് സ്വന്തം പേരില്‍ വിക്ഷേപിച്ചത്. പിന്നീട് ഉപേക്ഷിക്കപ്പെട്ട ഈ രണ്ട് ബഹിരാകാശ നിലയങ്ങളും ഭൂമിയിലേക്ക് തിരികെ പ്രവേശിച്ചത് ലോകത്താകെ ഭീതിവിതച്ചിരുന്നു. ടിയാന്‍ഗോങ്ങ്1 2018 ഏപ്രില്‍ രണ്ടിനും ടിയാന്‍ഗോങ്ങ്2 2019 ജൂലൈ പത്തൊന്‍പതിനും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചു. എന്നാല്‍ നാശനഷ്ടങ്ങളുണ്ടാകാതെ ടിയാന്‍ഗോങ്ങ് സഹോദരങ്ങള്‍ ദക്ഷിണപസഫിക്ക് സമുദ്രത്തിന് മുകളിലായി കത്തിയമര്‍ന്നു. ടിയാന്‍ഗോങ്ങിന്‍റെ നിരയിലെ മൂന്നാം ബഹിരാകാശ നിലയത്തിന്‍റെ നിര്‍മ്മാണം അധികം വൈകാതെ തന്നെ തുടങ്ങും. ഈ വര്‍ഷം തന്നെ ടിയാന്‍ഗോങ്ങ്3 ന്‍റെ കോര്‍ മൊഡ്യൂള്‍ വിക്ഷേപിക്കാനാണ് ചൈന പദ്ധതിയിടുന്നത്.



കടപ്പാട് : Forbes, Jet Propulsion Laboratory, ESA, Space.com

Comments


Commenting on this post isn't available anymore. Contact the site owner for more info.
  • Facebook
  • Twitter
  • LinkedIn

©2020 by വാക്കുകള്‍. Proudly created with Wix.com

bottom of page