നിയാണ്ടര്‍ത്താലുകള്‍, നമ്മുടെ ഏറ്റവും അടുത്ത പൂര്‍വ്വികര്‍...
- Ejas
- Feb 4, 2021
- 3 min read
ഹോമോ സാപിയന്‍സ് എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ആധുനിക മനുഷ്യരായ നമ്മുടെ കടന്നുവരവിന് മുന്‍പ് യൂറേഷ്യന്‍ ഉപഭൂഗണ്ഡത്തില്‍ ജീവിച്ച് കടന്നുപോയ വംശമാണ് നിയാണ്ടര്‍ത്താലുകള്‍, നമ്മുടെ ഏറ്റവും അടുത്ത പൂര്‍വ്വികര്‍. ഏകദേശം 40000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സ്വന്തമായ കലകളും ആശയവിനിമയ രീതികളുമെല്ലാമായി അവര്‍ ജീവിച്ചു. നിയാണ്ടര്‍ത്താലുകളുടെ കാലത്ത് തന്നെ ഹോമോ സാപിയന്‍സ് എന്ന ആധുനിക മനുഷ്യവംശം വര്‍ധിച്ചുവരികയും, സാപിയന്‍സിന്‍റെ വംശ വര്‍ധനവില്‍ നിയാണ്ടര്‍ത്താലുകള്‍ എന്ന സമൂഹം നേര്‍ത്ത് ഇല്ലാതാവുകയും ചെയ്തു. യൂറോപ്പിന്‍റെ പല ഭാഗങ്ങളില്‍ നിന്നും യൂറേഷ്യയിലേക്ക് കുടിയേറിവന്ന സാപിയന്‍സുമായിട്ടുള്ള കിടമത്സരങ്ങളാണ് നിയാണ്ടര്‍ത്താലുകളുടെ വംശനാശത്തിന്‍റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ജനസംഖ്യയില്‍ ഏറെ പിറകിലായിരുന്ന നിയാണ്ടര്‍ത്താലുകള്‍ സാപിയന്‍സുമായി ഇണചേര്‍ന്ന് സന്താനോത്പാദനം നടത്തിയതും, കാലാവസ്ഥാ വ്യതിയാനവും, പകര്‍ച്ചവ്യാധികളും നിയാണ്ടര്‍ത്താല്‍ വംശനാശത്തിന്‍റെ മറ്റ് പ്രധാന കാരണങ്ങളായി കണക്കാക്കുന്നു.

1856ല്‍ ജര്‍മനിയിലെ എര്‍ക്രാത്ത്, മെല്‍റ്റ്മാന്‍ എന്നീ പട്ടണങ്ങള്‍ക്കിടയിലുള്ള ഖനന പ്രദേശമായ നിയാണ്ടര്‍ വാലിയില്‍ നിന്നാണ് ആദ്യമായി നിയാണ്ടര്‍ത്താല്‍ വംശത്തിന്‍റെ ശേഷിപ്പുകള്‍ ലഭിക്കുന്നത്. നിയാണ്ടര്‍ത്താല്‍ എന്ന പേരിന്‍റെ ഉത്ഭവവും ആ സ്ഥലപ്പേരില്‍ നിന്നാണ്. ഏകദേശം നാലരലക്ഷം വര്‍ഷം വരെ പഴക്കമുള്ള നിയാണ്ടര്‍ത്താല്‍ ഫോസ്സിലുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതനുസരിച്ച് കണക്കാക്കുമ്പോള്‍ പ്ലീസ്റ്റിയോസീന്‍ കാലഘട്ടത്തിന്‍റെ മധ്യസമയങ്ങളിലാണ് നിയാണ്ടര്‍ത്താലുകളുടെ പിറവി. അറ്റ്‌ലാന്‍റിക്ക് സമുദ്രത്തിലും അതിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലുമായി കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ നടന്ന പഠനങ്ങള്‍ നിയാണ്ടര്‍ത്താലുകളെ പറ്റി ഒട്ടേറെ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് സമ്മാനിച്ചു.
30 മുതല്‍ 40 പേരടങ്ങുന്ന സംഘങ്ങളായാണ് നിയാണ്ടര്‍ത്താലുകള്‍ ജീവിച്ചിരുന്നത്. കുളമ്പുള്ള മൃഗങ്ങളുടെ മാംസമായിരുന്നു അവരുടെ പ്രധാന ഭക്ഷണം. വളരെ മികച്ച വേട്ടക്കാരായിരുന്ന നിയാണ്ടര്‍ത്താലുകള്‍ പ്ലീസ്റ്റിയോസീന്‍ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഭീമാകാര ജീവികളെ വരെ വേട്ടയാടിയിരുന്നു. ആനകളുടെ മുന്‍ഗാമികളായ മാമത്തുകളും അതില്‍ ഉള്‍പ്പെട്ടിന്നു.

പക്ഷികളും ജലജീവികളും പലവിധ സസ്യങ്ങളും നിയാണ്ടര്‍ത്താലുകളുടെ ഭക്ഷണക്രമത്തിന്‍റെ ഭാഗമായിരുന്നു. വേട്ടയാടിപ്പിടിക്കുന്ന മൃഗങ്ങളുടെ മാസവും തോലും വേര്‍തിരിക്കാന്‍ അവര്‍ പ്രത്യേകം സ്ഥലങ്ങള്‍ ഒരുക്കിയിരുന്നു. ഇങ്ങനെ വേര്‍തിരിച്ചെടുത്തതിന് ശേഷമാണ് മാസവും തോലുമെല്ലാം താമസസ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നത്. അതിശക്തമായ തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ അവര്‍ മൃഗങ്ങളുടെ തോലുകള്‍ ഉപയോഗപ്പെടുത്തി. തോലുകള്‍ ഉപയോഗിച്ച് നിയാണ്ടര്‍ത്താലുകള്‍ സങ്കീര്‍ണ്ണത കുറഞ്ഞ വസ്ത്രങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു അവര്‍ വേട്ടയാടിയിരുന്നത്. ചില സ്ഥലങ്ങളില്‍ മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ വരുന്ന അരുവികളെ കേന്ദ്രീകരിച്ച് വേട്ട നടത്തിയെങ്കില്‍ ചിലയിടത്ത് ചതുപ്പുനിലങ്ങള്‍ ഉപയോഗപ്പെടുത്തി മൃഗങ്ങളെ അവര്‍ കെണിയില്‍പ്പെടുത്തി. ഈ രീതിയിലെല്ലാം ലഭിക്കുന്ന ഭക്ഷണങ്ങളെല്ലാം ശേഖരിച്ചുവെക്കാന്‍ നിയാണ്ടര്‍ത്താലുകള്‍ക്ക് പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരുന്നു.
ഔഷധ സസ്യങ്ങളെപ്പറ്റിയും അവയുടെ ഉപയോഗങ്ങളെപ്പറ്റിയും നിയാണ്ടര്‍ത്താലുകള്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ചെറിയ മുറിവുകളെല്ലാം അവര്‍ക്ക് ശുശ്രൂഷിക്കാന്‍ കഴിഞ്ഞിരുന്നു. ആധുനിക മനുഷ്യന്‍റെ മറ്റ് മുന്‍ഗാമികളെ പരിഗണിക്കുമ്പോള്‍ ഭാഷാപരമായി ഏറെ പുരോഗമിച്ചവരായിരുന്നു നിയാണ്ടര്‍ത്താലുകള്‍ എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍ സാപിയന്‍സുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശബ്ദവ്യാപ്തിയുടെ കാര്യത്തില്‍ നിയാണ്ടര്‍ത്താലുകള്‍ പിറകിലായിരുന്നു. നിയാണ്ടര്‍ത്താലുകളും സാപിയന്‍സ് എന്ന നമ്മളും പങ്കിട്ട FOXP2 എന്ന ജീന്‍ ഭാഷയെ സ്വാധീനിക്കുന്നതായത് കൊണ്ട്തന്നെ നമ്മളുമായി ഭാഷയുടെ കാര്യത്തില്‍ നിയാണ്ടര്‍ത്താലുകള്‍ക്ക് വിദൂര സാമ്യതകളെങ്കിലും ഉണ്ടായിരുന്നിട്ടുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ FOXP2 എന്ന ജീനിന്‍റെ പരിണാമ സാധ്യതകളെ പറ്റി ഒട്ടേറെ ഗവേഷണങ്ങള്‍ ഇന്ന് പരീക്ഷണശാലകളില്‍ നടന്നുകൊണ്ടിരിക്കുന്നു.
ശിലായുഗ കലകളില്‍ നിയാണ്ടര്‍ത്താലുകളുടെ വലിയ സംഭാവനകള്‍ കാണാന്‍ സാധിക്കും. സ്പെയിനില്‍ വ്യതസ്ത ഇടങ്ങളിലായി കണ്ടെത്തിയ മൂന്ന് ഗുഹകളില്‍ നിന്നും കണ്ടെത്തിയ 65000 വര്‍ഷത്തോളം പഴക്കമുള്ള ഗുഹാചിത്രങ്ങള്‍ നിയാണ്ടര്‍ത്താലുകളുടെ സൃഷ്ടിയാണ്. കലകളുടെ തുടക്കം നിയാണ്ടര്‍ത്താലുകളില്‍ നിന്നാണ് എന്ന് ശാസ്ത്രസമൂഹത്തിലെ ഒരു വിഭാഗം കരുതുന്നു. പക്ഷികളുടെ എല്ലുകള്‍ ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിക്കാനും കല്ലുകളില്‍ വ്യത്യസ്ത രൂപങ്ങള്‍ നിര്‍മ്മിക്കാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. കരടിയുടെ തുടയെല്ലിന്‍റെ ഭാഗങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കി അതൊരു സംഗീതോപകരണമായി ഉപയോഗിച്ചുപോരുകയും ചെയ്തു അവര്‍.
നിയാണ്ടര്‍ത്താലുകള്‍ ജീവിച്ചിരുന്നത് ഹിമയുഗത്തോട് അടുത്ത കാലഘട്ടത്തിലായിരുന്നു. അതുകൊണ്ട് തന്നെ തണുപ്പിനോട് പടവെട്ടി ജീവിക്കേണ്ട സാഹചര്യമായിരുന്നു അവര്‍ക്ക് മുന്നിലുണ്ടായിരുന്നത്. തണുപ്പുള്ള കാലാവസ്ഥകളില്‍ ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ കഴിയുന്ന രീതിയിലായിരുന്നു അവരുടെ ശരീരഘടന. ദുര്‍ഘടമായ വനപ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ ദൃഢമായ ശരീരം അവരെ സഹായിച്ചു.
നിയാണ്ടര്‍ത്താലുകളും ആധുനിക മനുഷ്യരും പരസ്പരം ഇണചേര്‍ന്നിരുന്നു എന്ന് ആധുനിക മനുഷ്യരിലെ നിയാണ്ടര്‍ത്താല്‍ ജീനുകള്‍ തെളിയിക്കുന്നു. വ്യത്യസ്ത പ്രദേശങ്ങള്‍ അനുസരിച്ച് ഈ ജീനുകളുടെ അളവില്‍ വ്യതിയാനങ്ങള്‍ കാണാനാകും. യൂറോപ്യരിലും, ഓസ്ട്രേലിയ-മെലനേഷ്യ ഭൂഭാഗങ്ങളിലുള്ളവരിലും, അമേരിക്കന്‍ തദ്ദേശീയ വിഭാഗങ്ങളിലും, വടക്കന്‍ ആഫ്രിക്കക്കാരിലും 1 മുതല്‍ 4 ശതമാനം വരെ നിയാണ്ടര്‍ത്താല്‍ ജീനുകള്‍ അടങ്ങിയിരിക്കുന്നു. സബ് സഹാറന്‍ ആഫ്രിക്കക്കാല്‍ ഇത് 0.3 ശതമാനം വരെയാണ്. ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഏകദേശം 20 ശതമാനം നിയാണ്ടര്‍ത്താല്‍ ജീനുകളും ഇന്നും സാപിയന്‍സിലൂടെ അതിജീവിക്കുന്നു എന്നാണ്. ആധുനിക മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തില്‍ നിയാണ്ടര്‍ത്താല്‍ ജീനുകളുടെ സ്വാധീനം വളരെ വലുതാണ് എന്നാണ് ശാസ്ത്രനിഗമനം. ഈ സ്വാധീനമാണ് ആധുനിക മനുഷ്യവംശത്തെ പല വൈറസുകളുടെയും ബാക്ടീരിയകളുടെയും മുന്നില്‍ ദുര്‍ബലരാക്കുന്നത്.
രോഗപ്രതിരോധശേഷിയില്‍ ഏറെ പുറകിലായിരുന്നു നിയാണ്ടര്‍ത്താലുകള്‍. ചെറിയ ശാരീരിക ബുദ്ധിമുട്ടുകള്‍ പോലും അവരെ മരണത്തിലേക്ക് നയിച്ചു എന്നാണ് കരുതപ്പെടുന്നത്. താരതമ്യേന മികച്ച രോഗപ്രതിരോധശേഷിയുള്ള സാപിയന്‍സിന്‍റെ ആവിര്‍ഭാവത്തോടെ അവര്‍ വഹിക്കുന്ന പല രോഗാണുക്കളും നിയാണ്ടര്‍ത്താലുകളിലേക്ക് പകര്‍ന്നത് അവരുടെ വംശനാശത്തിന്‍റെ തുടക്കം കുറിച്ച പല കാരങ്ങളില്‍ ഒന്നായിരുന്നു. ഏകദേശം 43 ശതമാനം ആയിരുന്നു യൂറേഷ്യന്‍ നിയാണ്ടര്‍ത്താലുകളിലെ ശിശുമരണനിരക്ക്. അവരുടെ ജനസംഖ്യയിലെ 80 ശതമാനവും 40 വയസ്സിന് മുന്‍പ് തന്നെ മരണപ്പെട്ടു എന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഈ കണ്ടെത്തലുകള്‍ക്കെല്ലാം സഹായിച്ചത് ഉത്ഖനനത്തിലൂടെ ലഭിച്ച ഫോസ്സിലുകളായിരുന്നു.
ആധുനിക മനുഷ്യരെക്കാള്‍ വലിയ തച്ചോറിനുടമകളായിരുന്നു നിയാണ്ടര്‍ത്താലുകള്‍. നമ്മളില്‍ പരമാവധി 1400cm3 വരെ തലച്ചോര്‍ വളര്‍ച്ച പ്രാപിച്ചപ്പോള്‍ അവരില്‍ അത് 1700cm3 വരെ വളര്‍ന്നു. എന്നാല്‍ വലിയ തലച്ചോര്‍ അവരെ ആസന്നമായ വംശനാശത്തില്‍ നിന്നും രക്ഷിച്ചില്ല. മറ്റുപല സാഹചര്യങ്ങളും ആ വംശത്തെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കി. അങ്ങനെ ഏകദേശം 40000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവസാന നിയാണ്ടര്‍ത്താലും ഇല്ലാതായി. അതിനുശേഷം ഹോമോസാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യന്‍ ഭൂമി അടക്കിഭരിച്ചു.
ഒരിക്കല്‍ നിയാണ്ടര്‍ത്താലുകളും സാപിയന്‍സും ഒരുമിച്ച് പ്രണയം പങ്കുവെച്ച സന്ധ്യകളുണ്ടായിട്ടുണ്ടാകാം, സ്വപ്നങ്ങള്‍ തുന്നിചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാം, ഒരുമിച്ച് വേട്ടയാടി ഭക്ഷിച്ചിരിക്കാം, ശാരീരിക വ്യത്യാസങ്ങള്‍ കാരണം വ്യതസ്ത വിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിച്ചിട്ടുണ്ടാകം. എന്നാല്‍ അവര്‍ കാലപ്രവാഹത്തില്‍ മാഞ്ഞുപോയി, നാം മാത്രം അവശേഷിച്ചു. പക്ഷേ നമ്മുടെ ആഴങ്ങളിലേക്ക് നോക്കിയാല്‍ ഇന്നും എവിടെയൊക്കെയോ നമ്മുടെ പൂര്‍വ്വികരെ കാണാനാകും. മാഞ്ഞുപോകാത്ത അടയാളങ്ങളായി അവ നമ്മളില്‍ അവശേഷിക്കും. നമ്മുടെ പൂര്‍വ്വികരിലേക്കും അവരുടെ ജീവിതങ്ങളിലേക്കുമുള്ള തിരിഞ്ഞുനോട്ടങ്ങളും പഠനങ്ങളും നമ്മുടെ ശോഭനമായ ഭാവിയിലേക്കുള്ള ഒരു പ്രതീക്ഷയായി കരുതാം.

കടപ്പാട്:
DW Documentary
Sapiens, Yuval Noah Harari
weather.com
Comments