top of page

റേഡിയം ഗേൾസ്

  • Writer: Ejas
    Ejas
  • Apr 12, 2022
  • 5 min read

Updated: Apr 18, 2022


ree



ആഗോളതലത്തിൽ വലിയ വാർത്തകൾ സൃഷ്ടിച്ച റേഡിയം കണ്ടുപിടിക്കപ്പെടുന്നത് 1898 ലാണ്. വിഖ്യാത ശാസ്ത്രജ്ഞയായിരുന്ന മേരി ക്യൂറിയാണ് ഈ കണ്ടുപിടുത്തം നടത്തുന്നത്. യുറേനിയത്തിന്‍റെ അയിരായ പിച്ച്ബ്ലെൻഡിൽ നിന്നാണ് റേഡിയം വേർതിരിച്ചെടുക്കുന്നത്. ഏകശദേശം 10 ടൺ പിച്ച്ബ്ലെൻഡ് ഉപയോഗിച്ച് വേർതിരിച്ചെടുക്കാൻ കഴിഞ്ഞത് വെറും 1mg റേഡിയം മാത്രമായിരുന്നു.

ree
മേരി ക്യൂറി

തീവ്രമായ റേഡിയോ ആക്ടീവ് സ്വഭാവം കാണിക്കുന്ന റേഡിയം ഇരുട്ടിൽ തിളങ്ങുകയും ചെയ്യുമായിരുന്നു. ഈ വലിയ കണ്ടെത്തലിനെക്കുറിച്ച് അറിഞ്ഞ ശാസ്ത്രജഞരും വ്യവസായ പ്രമുഖരും റേഡിയത്തിന്‍റെ സാധ്യതകളെപ്പറ്റി ഒട്ടേറെ പഠനങ്ങൾ ആരംഭിക്കുകയും ചെയ്തു. അവരിൽ ഒരാളായിരുന്നു അമേരിക്കൻ എഞ്ചിനീയറായിരുന്ന വില്ല്യം ജെ ഹാമർ. റേഡിയം ക്രിസ്റ്റലുകൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ വില്യം പാരീസിലേക്ക് കപ്പൽ കയറി. ഇങ്ങനെ ലഭിച്ച റേഡിയം ക്രിസ്റ്റലുകൾ ഉപയോഗിച്ച് അദ്ദേഹം പരീക്ഷണങ്ങൾ ആരംഭിച്ചു. ഈ ക്രിസ്റ്റലുകൾക്കൊപ്പം പശയും സിങ്ക് സൾഫൈഡും ചേർത്തപ്പോൾ ഇരുട്ടിൽ തിളങ്ങുന്ന പെയിന്‍റ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു. ഈ പെയിന്‍റിന് അമേരിക്കയിലുടനീളം വലിയ പ്രചാരമാണ് ലഭിച്ചത്. കുട്ടികളുടെ കളിപ്പാട്ടങ്ങളിലും കിടപ്പുമുറികളിൽ ആകാശത്തിലെ രാത്രിക്കാഴ്ചകൾ ചിത്രീകരിക്കാനും ഈ പെയിന്‍റ് താമസിയാതെ ഉപയോഗിച്ചുതുടങ്ങി.

യു എസ് റേഡിയം കോർപ്പറേഷൻ എന്ന കമ്പനി ഈ പെയിന്‍റ്

ഉപയോഗപ്പെടുത്തിയത് വാച്ചുകളിലെ ഡയലുകൾ പെയിന്‍റ് ചെയ്യാൻ വേണ്ടിയായിരുന്നു. ഇങ്ങനെ റേഡിയം കലർന്ന ചായം പൂശി വാച്ചുകൾ നിർമ്മിക്കാൻ അനേകം കമ്പനികൾ ഉണ്ടായെങ്കിലും അതിൽ ഏറ്റവും വലുതായിരുന്നു യു എസ് റേഡിയം കോർപ്പറേഷന്‍റേത്. ഈ വാച്ചുകൾക്ക് വിപണിയിൽ അനേകം ആവശ്യക്കാരുണ്ടായി എന്ന് മാത്രമല്ല ലോക മഹായുദ്ധത്തിൽ പങ്കെടുക്കുന്ന സൈനികർക്ക് രാത്രിയും സമയമറിയാൻ വേണ്ടി ഇരുട്ടിൽ തിളങ്ങുന്ന വാച്ചുകളുണ്ടാക്കാനുള്ള യു എസ് സൈന്യത്തിന്‍റെ കരാറും ഈ കമ്പനി നേടി. ഇതിനോടനുബന്ധിച്ചാണ് യു എസ് റേഡിയം കോർപ്പറേഷൻ 1917 ൽ ന്യൂ ജേഴ്സിയിൽ ഫാക്ടറി ആരംഭിക്കുന്നതും നൂറുകണക്കിന് യുവതികളെ ഡയൽ പെയിന്‍റര്‍മാരായി നിയമിക്കുന്നതും.


ഡയൽ പെയിന്‍റിങ്ങിന് ചെറിയ കൈകളുള്ള പെൺകുട്ടികളെ തിരഞ്ഞെടുക്കാൻ കമ്പനി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മറ്റ് ജോലികൾ ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടിയോളം വേതനം ലഭിക്കുന്നതിനാൽ അമേരിക്കൻ-കനേഡിയൻ യുവതികൾക്കിടയിൽ ഡയൽ പെയിന്‍റര്‍ ജോലിക്ക് ഏറെ പ്രചാരം കൈവന്നു. തങ്ങളുടെ ജോലിയിലൂടെ കൈവന്ന സാമ്പത്തിക സ്വാതന്ത്ര്യത്തിലുപരി അവരെ സന്തോഷിപ്പിച്ചത് റേഡിയം എന്ന അത്ഭുത മൂലകം കലർന്ന, ഇരുട്ടിൽ തിളങ്ങുന്ന ഇളം പച്ച നിറത്തിലുള്ള ചായം അവരുടെ കൈകളിലൂടെ കടന്നുപോകുന്നതായിരുന്നു. സമൂഹത്തിൽ റേഡിയം എന്ന മൂലകത്തോട് ഇത്രയധികം താല്പര്യം ഉണ്ടാകാൻ കാരണം വിവിധ കമ്പനികളുടെ മാർക്കറ്റിങ്ങ് തന്ത്രങ്ങളായിരുന്നു. റേഡിയം പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കാൻ കഴിയും എന്ന രീതിയിൽ പരസ്യങ്ങൾ പലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പ്രായാധിക്യം മൂലമുണ്ടാകുന്ന അവശതകൾ ആകറ്റും, യുവത്വം നിലനിർത്തും, ശാരീരിക സൗന്ദര്യം വർദ്ധിപ്പിക്കും, ലൈഗികാസക്തി വർദ്ധിപ്പിക്കും എന്നിങ്ങനെ ഏറെ അപകടകരമായ പ്രചാരണങ്ങൾക്ക് അമേരിക്കൻ സമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യത ലഭിച്ചു. ഈ പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ച പല കമ്പനികളും ചെറിയതോതിൽ റേഡിയം എന്ന റേഡിയോആക്ടീവ് മൂലകം കലർന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കി വലിയ ലാഭക്കൊയ്ത്ത് നടത്തി. റേഡിയം കലർന്ന കുടിവെള്ളം, സൗന്ദര്യവർദ്ധക വസ്തുക്കൾ, പാലുൽപ്പന്നങ്ങൾ, ടൂത്ത്പേസ്റ്റ് എന്നിവയായിരുന്നു അവയിൽ ചിലത്. റേഡിയം എന്ന മൂലകം ഒരു ‘മാജിക്’ ആണെന്ന് മുഖ്യധാരാ മാധ്യമങ്ങൾ തുടർച്ചയായി വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത് കാരണം റേഡിയം ഉണ്ടാക്കാനിടയുള്ള ബുദ്ധിമുട്ടുകളെപറ്റി ആരും അറിഞ്ഞിരുന്നില്ല. റേഡിയം ഡയൽ വാച്ചുകളുടെ വിൽപ്പനയിലൂടെ വലിയ ലാഭമുണ്ടാക്കിയ യു എസ് റേഡിയം കോർപ്പറേഷൻ ഈ തെറ്റായ പ്രചാരണങ്ങളെ പിന്തുണക്കുകയും ചെയ്തു. മാത്രമല്ല, ഡയൽ പെയിന്‍റർമാരായി ജോലി ചെയ്ത പെൺകുട്ടികളെ അവർ വേദനകളുടെ ആഴങ്ങളിലേക്ക് മനപ്പൂർവം തള്ളിയിടുകയും ചെയ്തു.



‘നിങ്ങളുടെ കവിളുകൾ കൂടുതൽ തുടുക്കം’ എന്ന് പറഞ്ഞുകൊണ്ടാണ് ഡയൽ പെയിന്‍റർമാർക്ക്, പെയിന്‍റ് ചെയ്യേണ്ട രീതി കമ്പനി മാനേജർമാർ വിവരിച്ചുകൊടുത്തിരുന്നത്. വാച്ച് ഡയലുകൾ ഏറെ ചെറുതായതുകൊണ്ട് നാക്കും പല്ലും ഉപയോഗിച്ച് ബ്രഷിൻ്റെ അറ്റം പരമാവധി കൂർപ്പിച്ച് പെയിന്‍റ് ചെയ്യുക എന്നതായിരുന്നു ആ പെയിന്‍റിങ്ങ് രീതി. ഇത് ഡയൽ പെയിന്‍റിങ്ങിനെ പൂർണ്ണതയിലെത്തിക്കാനും സഹായിച്ചിരുന്നു. ഓരോരുത്തരും ദിവസം 200 വാച്ചുകൾ പെയിന്‍റ് ചെയ്തിരുന്നു. ഓരോ വാച്ചുകൾ പെയിന്‍റ് ചെയ്യുമ്പോഴും ചെറിയ അളവിൽ റേഡിയം അവരുടെ ശരീരത്തിൽ നിക്ഷേപിക്കപ്പെട്ടുകൊണ്ടിരുന്നു. ഈ ചായം ശരീരത്തിലേക്ക് പ്രവേശിക്കുന്നതുകൊണ്ട് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമോയെന്നുള്ള അവരുടെ ആശങ്ക കമ്പനി തള്ളിക്കളയുകയും ചെയ്തു. ക്രമേണ കൂടുതൽ പെൺകുട്ടികൾ പുതുതായി ഡയൽ പെയിന്‍റർമാറായി ജോലി ജോലിയിൽ പ്രവേശിച്ചുകൊണ്ടിരുന്നു.


ree

ജോലിക്കിടയിൽ സ്വാഭാവികമായി പുരളുന്ന പെയിന്‍റ് റേഡിയത്തിൻ്റെ സ്വാധീനത്താൽ രാത്രിയിൽ ജോലി കഴിഞ്ഞ് പോകുമ്പോൾ അവരുടെ അവരുടെ വസ്ത്രങ്ങളെ തിളക്കമുള്ളതാക്കി മാറ്റി. ഇത് സമീപവാസികൾക്കിടയിൽ അവരെ ഗോസ്റ്റ് ഗേൾസ് എന്ന പേരിനുടമകളാക്കുകയും ചെയ്തു. തിളക്കമുള്ള വസ്ത്രങ്ങൾ കാരണം തങ്ങളെ മറ്റുള്ളവർ ശ്രദ്ധിക്കുന്നത് അവർ ആസ്വദിച്ചിരുന്നു. അവരുടെ ഏറ്റവും പുതിയ വസ്ത്രങ്ങൾ തന്നെ ജോലിചെയ്യുമ്പോൾ ധരിച്ചുകൊണ്ട് അവയെ തിളക്കമുള്ളതാക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. പ്രധാനപ്പെട്ട പരുപാടികളിൽ പങ്കെടുക്കുമ്പോൾ അവരുടെ പല്ലുകളും നഖങ്ങളും ഇളം പച്ച നിറത്തിൽ തിളങ്ങാൻ അവർ റേഡിയം കലർന്ന ആ ചായം ഉപയോഗിച്ചു. എന്നാൽ ചുറ്റുമുള്ളവർക്കിടയിൽ അവർ ശ്രദ്ധിക്കപ്പെടാൻ കാരണമായ ആ ചായം തന്നെ അവരുടെ ശരീരത്തെ എല്ലാ രീതിയിലും ക്ഷയിപ്പിച്ചുകൊണ്ടിരുന്നു.

ree
സെസിൽ ഡ്രിങ്കർ

ഹാർവാർഡ് സ്കൂൾ ഓഫ് ഹെൽത്തിൻ്റെ സ്ഥാപകനും ഫിസിഷ്യനുമായിരുന്ന സെസിൽ ഡ്രിങ്കർ ഒരിക്കൽ ഫാക്ടറി സന്ദർശിച്ചപ്പോൾ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്

“അവരുടെ മൂടിയിഴകളും, മുഖവും, കൈകളും, കഴുത്തും, വസ്ത്രവും എന്തിന് അടിവസ്ത്രങ്ങൾ പോലും തിളങ്ങിയിരുന്നു. ഒരു പെൺകുട്ടിയുടെ കാലിലും തുടയിലും തിളക്കമുണ്ടായിരുന്നു. മറ്റൊരു പെൺകുട്ടിയുടെ കഴുത്ത് മുതൽ അരക്കെട്ട് വരെ തിളങ്ങിനിന്നിരുന്നു”.


റേഡിയം കണ്ടുപിടിക്കുന്ന സമയത്ത് തന്നെ അതിൻ്റെ ദൂഷ്യവശങ്ങളെ പറ്റി മേരി ക്യൂറിക്കും ഭർത്താവായ ശാസ്ത്രജ്ഞൻ പിയറി ക്യൂറിക്കും മനസ്സിലാക്കാൻ സാധിച്ചിരുന്നു. പരീക്ഷണങ്ങൾക്കിടയിൽ മേരിക്ക് വികിരണം മൂലമുള്ള പൊള്ളലേൽക്കുകയും ചെയ്തിരുന്നു. റേഡിയം കാഴ്ചശക്തി നഷ്ടമാകാനും, മാരകമായ പൊള്ളലുകൾക്കും മാത്രമല്ല മരണത്തിന് വരെ കാരണമായേക്കാം എന്ന് പിയറി ക്യൂറിയും അനുമാനിച്ചിരുന്നു. റേഡിയം വ്യാവസായികാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിന് മുൻപ് തന്നെ ഇത് മൂലമുള്ള മരണങ്ങൾ സംഭവിച്ചിരുന്നെങ്കിലും അതൊന്നും കാര്യമായി അന്വേഷിക്കപ്പെട്ടിരുന്നില്ല. ലാബുകളിൽ റേഡിയവുമായി സമ്പർക്കം വരാൻ സാധ്യതയുള്ള പുരുഷന്മാരായ ജോലിക്കാർക്ക് സുരക്ഷാ സംവിധാനങ്ങൾ കമ്പനി ഒരുക്കികൊടുത്തപ്പോൾ സ്ത്രീകളുടെ കാര്യത്തിൽ അവർ നടപടികളൊന്നും കൈകൊണ്ടില്ല. റേഡിയം ഗേൾസ് എന്ന പുസ്തകത്തിൻ്റെ രചയിതാവായ കേറ്റ് മൂറിൻ്റെ കണ്ടെത്തലനുസരിച്ച് റേഡിയം പെയിന്‍റ് സുരക്ഷിതമാണെന്നുള്ള കമ്പനിയുടെ അവകാശവാദങ്ങളെ പിന്തുണക്കുന്ന രീതിയലുള്ള പഠനങ്ങളെ അവർ സ്വാഗതം ചെയ്യുകയും സ്പോൺസർ ചെയ്യുകയും ചെയ്തു. മറിച്ചുള്ളവ അവഗണിക്കപ്പെടുകയാണുണ്ടായത്.


ഡയൽ പെയിന്‍റർമാരായ പെൺകുട്ടികൾക്ക് 1920 ൻ്റെ മധ്യസമയമങ്ങളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. അവരുടെ ശരീരത്തിലേക്കെത്തിയ റേഡിയം എല്ലുകളിൽ നിക്ഷേപിക്കപ്പെട്ട് അവയെ ദ്രവിപ്പിച്ചുതുടങ്ങിയിരുന്നു. അമേലിയ മോളി മാജിയ എന്ന പെൺകുട്ടിയിലാണ് ഈ ആരോഗ്യപ്രശ്നങ്ങൾ ആദ്യം രൂക്ഷമാകുന്നത്. അസഹ്യമായ പല്ലുവേദന കാരണം ഒരു ദന്തഡോക്ടറെ സമീപിച്ച അമേലിയക്ക് രണ്ട് പല്ലുകൾ നീക്കം ചെയ്യണം എന്ന ഉപദേശമാണ് ലഭിച്ചത്. ഇതുപ്രകാരം പല്ലുകൾ നീക്കം ചെയ്തതിനെ തുടർന്ന് അമിതമായ രക്തസ്രാവമുണ്ടാവുകയും, പല്ലുകൾ നീക്കം ചെയ്തയിടങ്ങളിൽ പഴുപ്പുനിറഞ്ഞ വ്രണങ്ങൾ രൂപപ്പെടുകയും ചെയ്തു. അമേലിയയുടെ മോണയിലെ ബാക്കി ഭാഗങ്ങളിലേക്കും ഇത് പടർന്നു. മറ്റ് ശരീര ഭാഗങ്ങളുടെയും അവസ്ഥ മറിച്ചായിരുന്നില്ല. ശരീരമാസകലമുള്ള വേദന കാരണം അവൾക്ക് നടക്കാൻ പോലും കഴിഞ്ഞില്ല. പല ഡോക്ടർമാരും ഇത് റൂമാറ്റിസമാണെന്ന് വിധിയെഴുതുകയാണുണ്ടായത്. 1922 മെയ് മാസത്തോടെ അവളുടെ കീഴ്താടിയെല്ലിൽ വലിയൊരു മുഴ രൂപാന്തരപ്പെട്ടു. ഇത് പരിശോധിക്കുന്നതിനിടക്ക് അമേലിയയുടെ കീഴ്താടിയെല്ല് പൊട്ടുകയും, അവളെ പരിശോധിച്ച ഡോക്ടർക്ക് കീഴ്താടിയെല്ലിൻ്റെ ഒരുഭാഗം പുറത്തെടുക്കുകയും ചെയ്യേണ്ടിവന്നു. ഒരു ശസ്ത്രക്രീയ കൂടാതെ വളരെ അനായാസം പുറത്തേക്കെടുക്കാവുന്ന രീതിയിൽ ആ താടിയെല്ലുകളെ റേഡിയം ദ്രവിപ്പിച്ചുകളഞ്ഞിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം താടിയെല്ലിൻ്റെ ബാക്കി ഭാഗവും ഈ രീതിയിൽ നീക്കം ചെയ്യപ്പെട്ടു. നാല് മാസങ്ങൾക്ക് ശേഷം തൻ്റെ 24 ആം വയസ്സിൽ ഒരു മനുഷ്യായുസിൽ അനുഭവിക്കാവുന്നതിലേറെ വേദന അനുഭവിച്ചുകൊണ്ട് അമേലിയ മരണത്തിന് കീഴടങ്ങി. എന്നാൽ അമേലിയയുടെ മരണകാരണം യു എസ് റേഡിയം കോർപ്പറേഷനിലെ ജോലിയാണെന്ന് ആരും തിരിച്ചറിഞ്ഞിരുന്നില്ല. 1927 ഓടെ യു എസ് റേഡിയം കോർപ്പറേഷനിൽ ഡയൽ പെയിന്‍റർമാരായി ജോലി ചെയ്തിരുന്ന അൻപതോളം യുവതികൾ മരണപ്പെട്ടുകഴിഞ്ഞിരുന്നു. ഇവരെല്ലാം റേഡിയം ഉണ്ടാക്കുന്ന മാരകമായ പ്രത്യാഘാതങ്ങൾ അനുഭവിച്ചിരുന്നു. എല്ലുകൾ പൊട്ടുക, പല്ലുകൾ അടർന്നുപോവുക, നട്ടെല്ലിന് കേടുപാടുകൾ സംഭവിക്കുക തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളാണ് അവർ അനുഭവിച്ചിരുന്നത്. പലരുടെയും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അർബുദ കോശങ്ങൾ വളരെ പെട്ടന്ന് വളർന്ന് വലിയ മുഴകളായി മാറി, ഒട്ടേറെ പേർക്ക് അസ്ഥികളിലെ അർബുദവും സ്ഥിതീകരിക്കപ്പെട്ടു. റേഡിയത്തിൻ്റെ വലിയ അളവിലുള്ള നിക്ഷേപം കാരണം പലരുടെയും എല്ലുകൾ പച്ച നിറത്തിൽ തിളങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങളുടെ കാരണം അവർ ചെയ്യുന്ന ജോലിയാണെന്നുള്ള വാദം പല കോണുകളിൽ നിന്നായി ഉയർന്നുവന്നെങ്കിലും അതൊന്നും കമ്പനി മുഖവിലക്കെടുത്തില്ല.


1925ൽ സംഭവിച്ച ഒരു പുരുഷ ജീവനക്കാരൻ്റെ മരണം അന്വേഷിക്കാൻ പാത്തോളജിസ്റ്റായ ഡോ. ഹാരിസൺ മാർട്ട്ലന്‍റ് നിയോഗിക്കപ്പെടുന്നതോടെയാണ് യു എസ് റേഡിയം കോർപ്പറേഷനിലെ ജീവനക്കാരികളുടെ മരണവുമായി ബന്ധപ്പെട്ട കാരണങ്ങൾ ഒരു റിപ്പോർട്ടിൽ രേഖപ്പെടുത്തപ്പെടുന്നത്.

ree
ഡോ. ഹാരിസൺ മാർട്ട്ലന്‍റ്

താൻ അന്വേഷിച്ച പുരുഷ ജീവനക്കാരൻ്റെ മരണം റേഡിയം മൂലമാണെന്നും ഡയൽ പെയിന്‍റർമാരായി ജോലി ചെയ്യുന്ന പെൺകുട്ടികളുടെ എല്ലുകളിൽ അമിതമായ അളവിൽ റേഡിയം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നും ഹാരിസൺ തൻ്റെ റിപ്പോർട്ടിൽ വ്യക്തമാക്കി. ജീവനക്കാരുടെ എല്ലുകളിൽ നിക്ഷേപിക്കപ്പെട്ട റേഡിയം വികിരണം പുറത്തുവിടുന്നുണ്ടെന്നും, അത് എല്ലുകളിൽ തുളകൾ വീഴാൻ കാരണമായെന്നും അദ്ദേഹത്തിന് മനസ്സിലാക്കാൻ സാധിച്ചു. ഈ കണ്ടെത്തലുകൾ യു എസ് റേഡിയം കോർപ്പറേഷൻ നിഷേധിക്കുകയും, ഡോ. ഹാരിസൺൻ്റെ കണ്ടെത്തലുകൾക്ക് വിപരീതമായ നിഗമനങ്ങൾ സൃഷ്ടിച്ചെടുക്കാൻ സ്വന്തമായി പഠനങ്ങൾ നടത്തുകയും ചെയ്തു. കമ്പനിയിലെ ജോലി കാരണം ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട ജോലിക്കാരുടെ വാക്കുകളെ തള്ളിക്കളയുകയും, മെഡിക്കൽ ബില്ലുകൾ ഉപയോഗിച്ച് സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കമ്പനി പ്രസ്താവനയിറക്കുകയുണ്ടായി. അങ്ങനെ തുടർച്ചയായി യു എസ് റേഡിയം കോർപ്പറേഷൻ തങ്ങളുടെ ജോലിക്കാരുടെ ആരോഗ്യപ്രശ്നങ്ങളും ജോലിയും തമ്മിലുള്ള ബന്ധം നിഷേധിച്ചുകൊണ്ടിരുന്നു. ഈ നിലപാട് കമ്പനിക്കെതിരെ നിയമയുദ്ധത്തിലേർപ്പെടാൻ ആ പെൺകുട്ടികളെ നിർബന്ധിതരാക്കി. ഈ സമയങ്ങളിലും അമേരിക്കയിൽ പലയിടങ്ങളിലായി ഡയൽ പെയിന്‍റർമാരായി യുവതികൾ നിയമിക്കപ്പെട്ടുകൊണ്ടിരുന്നു.


കമ്പനിക്കെതിരെയുള്ള നിയമയുദ്ധത്തിലെ പ്രധാനിയായിരുന്നു ഗ്രേസ് ഫ്രയർ എന്ന പെൺകുട്ടി. യു എസ് റേഡിയം കോർപ്പറേഷനിൽ ഡയൽ

പെയിന്‍ററായി ജോലി ചെയ്തിരുന്ന ഗ്രേസ്, ഡയൽ പെയിന്‍റിങ്ങിന് ഉപയോഗിക്കുന്ന ബ്രഷ് വായിൽ വെക്കുമ്പോളുണ്ടാകുന്ന രുചി ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ജോലി രാജിവെക്കുകയും, ഒരു ധനകാര്യ സ്ഥാപനത്തിൽ ജോലി നേടുകയും ചെയ്തിരുന്നു.

ree
ഗ്രേസ് ഫ്രയർ

ചുരുങ്ങിയ കാലയളവ് മാത്രമേ ജോലി ചെയ്തൊള്ളൂവെങ്കിലും, റേഡിയം പോയിസണിങ്ങ് കൊണ്ടുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും ഗ്രേസ് നേരിട്ടിരുന്നു. ഈ പ്രശ്നങ്ങൾക്ക് കാരണം റേഡിയം ആണെന്നുള്ള സംശയം രൂപപ്പെട്ടതുകൊണ്ട് തന്നോടൊപ്പം ജോലി ചെയ്ത പെൺകുട്ടികളുടെ ആരോഗ്യസ്ഥിയെപ്പറ്റി അന്വേഷിക്കാൻ ഗ്രേസ് തീരുമാനിച്ചു. തന്നെക്കാളേറെ ആരോഗ്യപ്രശ്നങ്ങൾ ബാക്കിയുള്ളവർ അനുഭവിക്കുന്നുണ്ടെന്നും, ചിലർ മരിച്ചുകഴിഞ്ഞെന്നും അവൾ മനസ്സിലാക്കുന്നു. ഈ കാര്യങ്ങളും, റേഡിയം യാതൊരു സുരക്ഷാ മുൻകരുതലും കൂടാതെ ഉപയോഗിക്കുന്നതിൻ്റെ പ്രശ്നങ്ങളെ പറ്റിയും ഗ്രേസും മറ്റ് നാല് പെൺകുട്ടികളും കമ്പനിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ അത് തള്ളിക്കളഞ്ഞുവെന്ന് മാത്രമല്ല, ഗ്രേസ് ചൂണ്ടിക്കാട്ടിയ മരണങ്ങളെല്ലാം അന്ന് അമേരിക്കയിൽ പടർന്നുപിടിച്ച ലൈംഗിക രോഗമായ സിഫിലിസ് കാരണമാണെന്നും പറഞ്ഞു. കമ്പനിയുടെ ഈ നിഷേധാത്മക നിലപാട് ചൂണ്ടിക്കാട്ടി ഗ്രേസിൻ്റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവതികൾ ഭരണകൂടത്തെ സമീപിച്ചു. ഇതാണ് ജോലിസംബന്ധമായുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി അമേരിക്കൻ സർക്കാരിന് മുന്നിൽ സമർപ്പിക്കപ്പെടുന്ന ആദ്യ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ യു എസ് സർക്കാർ ഒരു സമിതിയെ നിയോഗിക്കുകയും, അവർ യു എസ് റേഡിയം കോർപ്പറേഷൻ്റെ ഫാക്ടറികൾ സന്ദർശിക്കുകയും വിശദമായ പഠനങ്ങൾ നടത്തുകയും ചെയ്തു. അവിടെ കണ്ട കാഴ്ചകൾ അവരെ അത്യധികം ആശ്ചര്യപ്പെടുത്തി. അണുവികിരണം പുറത്തുവിടുന്ന റേഡിയം കലർന്ന പെയിന്‍റ് ജോലിചെയ്യുന്നവരുടെ ദേഹത്തും വസ്ത്രങ്ങളിലെല്ലാം പുരണ്ടിരിക്കുന്നതും അവരെ ഞെട്ടിച്ചു. റേഡിയം പോയിസണിങ്ങ് ആണ് ഡയൽ പെയിന്‍റർമാരായി ജോലി ചെയ്ത പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണം എന്ന് പഠനം നടത്തിയ സമിതി കണ്ടെത്തിയെങ്കിലും, ഉന്നതങ്ങളിൽ യു എസ് റേഡിയം കോർപ്പറേഷനുണ്ടായിരുന്ന സ്വാധീനം മൂലം ആ കണ്ടെത്തലുകൾ മൂടിവെക്കപ്പെട്ടു.


എന്നാൽ സത്യം പുറത്തുകൊണ്ടുവരാൻ തീരുമാനിച്ചുറച്ചാണ് ഗ്രേസ് ഫ്രയറും കൂട്ടരും പോരാട്ടത്തിനിറങ്ങിയത്. അവർ കോടതിയെ സമീപിച്ചെങ്കിലും ഉന്നത സ്വാധീനമുള്ള യു എസ് റേഡിയം കോർപ്പറേഷനെതിരെ വാദിക്കാൻ ഒരു വക്കീലിനെ കിട്ടുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. രണ്ട് വർഷത്തെ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് അവർക്ക് ഒരു വക്കീലിനെ ലഭിക്കുന്നത്. ക്രമേണ അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളെല്ലാം റേഡിയം പെൺകുട്ടികളുടെ കഥ വലിയ പ്രാധാന്യത്തോടെ ജനങ്ങളിലേക്കെത്തിക്കുകയും തുടർ പരമ്പരകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയും, റേഡിയം പോയിസണിങ്ങിന് വിധേയരായവർക്കനുകൂലമായി നിലപാടെടുക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. റേഡിയം പോയിസണിങ്ങ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടിയിരുന്ന ഗ്രേസും കൂട്ടരും കോടതിയിലെത്തിയിരുന്നത് വീൽചെയറിലായിരുന്നു. അവർ ഫയൽ ഫയൽ ചെയ്ത ആ കേസിൻ്റെ വിധി വരുന്നതുവരെ ജീവിച്ചിരിക്കുമെന്നു പോലും ആ പെൺകുട്ടികൾ വിശ്വസിച്ചിരുന്നില്ല. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ റേഡിയം പോയിസണിങ്ങിന് ഇരയാക്കപ്പെട്ടവർക്ക് 10000 ഡോളർ നഷ്ടപരിഹാരം നൽകാനും ജീവിതച്ചിലവിനും ചികിൽസച്ചിലവിനുമായി മാസം 600 ഡോളർ നൽകാനും കോടതി ഉത്തരവിട്ടു. ഈ വിധി അമേരിക്കയിലുടനീളം വലിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തു. സമാനമായ മറ്റ് ജോലികളിലേർപ്പെട്ടിരുന്ന ജീവനക്കാർ ശക്തമായ സമരപരമ്പരകൾക്കും നിയമപോരാട്ടങ്ങൾക്കും തുടക്കംകുറിക്കുകയും ചെയ്തു.


കോടതി വിധി വന്ന് രണ്ട് വർഷത്തിനകം ഗ്രേസ് ഫ്രയറും കൂട്ടരും മരണത്തിന് കീഴടങ്ങി. നഷ്ടപരിഹാരത്തിനപ്പുറം അനേകായിരം മനുഷ്യർക്ക് തങ്ങൾ തുടക്കംകുറിച്ച നിയമയുദ്ധം സഹായമാകും എന്ന പ്രതീക്ഷയോടെയാണ് റേഡിയം ഗേൾസ് ചരിത്രത്തിലേക്ക് നടന്നുമറഞ്ഞത്. ഈ സംഭവുമായി ബന്ധപ്പെട്ട് 2020ൽ ഒരു സിനിമ നിർമ്മിക്കപ്പെടുകയും ചെയ്തു.



ree


താടിയെല്ലുകൾ അടർന്നുപോയ ആ പെൺകുട്ടികൾ അസഹ്യമായ വേദനയുടെ രാത്രികൾ ഉറക്കമില്ലാതെ തള്ളിനീക്കി. കണ്ണാടിയിൽ നോക്കുമ്പോൾ മുറിവിലൂടെ എല്ലുകളിൽ പറ്റിപ്പിടിച്ച റേഡിയം തിളങ്ങുന്നതായി അവർ കണ്ടു. ചുമച്ചുതുപ്പുന്ന കഫം പോലും പച്ചനിറത്തിൽ തിളങ്ങുന്നത് കണ്ട് അവർ അലറിക്കരഞ്ഞു. തിളക്കമുള്ള ജീവിതം സ്വപ്നം കണ്ട ആ പെൺകുട്ടികളുടെ കല്ലറകളിൽ 1600 വർഷങ്ങൾ സജീവമായി പ്രവർത്തിക്കുന്ന റേഡിയം ഈ നിമിഷവും തിളങ്ങുന്നുണ്ടാകും.







കടപ്പാട്:

Grunge

BuzzFeed

Channel 13 .8

1 Comment


chemparathi pennoruthi
chemparathi pennoruthi
Apr 17, 2022

എന്താല്ലേ... സൂപ്പർ...no words to explain what I gain here from your article... Excellent 💞

Like
  • Facebook
  • Twitter
  • LinkedIn

©2020 by വാക്കുകള്‍. Proudly created with Wix.com

bottom of page